ആധുനിക ലോകം ശാസ്ത്രസാങ്കേതികവളര്‍ച്ചയുടെ മുന്നേറ്റത്തിലാണ്. ഭൗതികമണ്ഡലത്തിലുണ്ടായ ഈ മുന്നേറ്റം നമ്മുടെ കുടുംബബന്ധങ്ങളേയും ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളവത്ക്കരണത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും കരാള ഹസ്തങ്ങളില്‍ അമര്‍ന്നുകഴിഞ്ഞ കുടുംബങ്ങള്‍ക്ക് കുടുംബബന്ധങ്ങളുടെ നിലയും വിലയും പവിത്രതയുമൊന്നും മനസ്സിലാക്കാന്‍ സമയമില്ലാതായിരിക്കുന്നു.
കുടുംബം അത് ദൈവം ആശീര്‍വ്വദിച്ചനുഗ്രഹിച്ച ഒന്നാണ്. അതിനാല്‍ തന്നെ കുടുംബാഗങ്ങളെല്ലാം അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ ഈ അനുഗ്രഹം സ്വീകരിച്ച് അവിടുത്തെ ഇഷ്ടമനുസരിച്ച് ജീവിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് ദൈവത്തിന്‍റെ ഇഷ്ടം? മനുഷ്യര്‍ പരസ്പരം സ്നേഹിച്ച് സഹായിച്ച് കൂട്ടായ്മയില്‍ ജീവിക്കുക. എന്നാല്‍ ഇന്ന് ലൗകിക സുഖഭോഗങ്ങളുടെ പിന്നാലെ പായുന്ന ആധുനിക മനുഷ്യന്‍ സഹോദരന്‍റെ വേദന കാണാനോ, അവന്‍റെ കണ്ണുനീരൊപ്പുവാനോ സ്നേഹം പകര്‍ന്നുകൊടുക്കുവാനോ സമയമില്ല.
എന്‍റെ കുടുംബം രക്ഷപെടണം, എന്‍റെ മക്കള്‍ക്ക് നല്ല ഭാവിയുണ്ടാകണം, ഞാനുണ്ടാക്കിയതൊന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ളതല്ല, എല്ലാം എന്‍റേതുമാത്രം ഇതാണ് നമ്മുടെ ചിന്താഗതി. ഈ സമ്പത്ത് നല്കിയതാരെന്നോ സമ്പാദിക്കുവാന്‍ കഴിവുനല്കിയതാരെന്നോ നാം ചിന്തിക്കുന്നില്ല. അതുകൊണ്ട് സഹോദരരെ, ദൈവം നമുക്ക് സമ്പത്തും കഴിവും സ്ഥാനമാനങ്ങളും നല്കിയിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കുകൂടി വിനിയോഗിക്കപ്പെടുവാനുള്ളതാണ് എന്നു മനസ്സിലാക്കിക്കൊണ്ട് നമുക്ക് ജീവിക്കാം. അപ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ അനുഗ്രഹിക്കപ്പെടും.. ആശീര്‍വ്വദിക്കപ്പെടും..
✍ജിജി ഔസേഫ്, അത്തിക്കളം