ആശംസ

സമൂഹത്തിന്‍റെ അടിസ്ഥാന ഏകകങ്ങളെന്ന നിലയില്‍ കുടുംബങ്ങള്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ "ജീവന്‍റെ സുവിശേഷം" എന്ന ചാക്രികലേഖനത്തിന്‍റെ 20-ാം വാര്‍ഷികദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പകര്‍ന്നു നല്കിയ ചിന്ത ശ്രദ്ധേയമാണ്. "ഈശോയ്ക്കു പിറക്കാന്‍ മാതാവിന്‍റെ ഉദരം മാത്രമല്ല, അവിടുത്തേക്കു ജീവിക്കാന്‍ കൃത്യമായ ഒരു കുടുംബവും രൂപപ്പെടുത്തിയ ദൈവത്തിന്‍റെ വിസ്മയനീയമായ കാരുണ്യ പദ്ധതിڈയെപ്പറ്റിയുള്ള മാര്‍പാപ്പായുടെ വാക്കുകള്‍ കുടുംബത്തിന്‍റെ മാഹാത്മ്യത്തെയും കടമയെയും ദ്യോതിപ്പിക്കുന്നു. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി ഏറിവരുന്നത് കുടുംബങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മറന്നോയെന്ന സംശയമുണര്‍ത്തുന്നു.

കുടുംബബന്ധങ്ങളുടെ ഊഷ്മളത നഷ്ടമാവുകയും തത്ഫലമായി ബന്ധങ്ങളുടെ ആനന്ദദായകത്വഭാവത്തിനു കോട്ടം സംഭവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തിരുക്കുടുംബത്തിന്‍റെ മാതൃക നമ്മെ പ്രചോദിപ്പിക്കട്ടെ. വിവരസാങ്കേതികതയുടെ വളര്‍ച്ചയില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റു സൈബറിടങ്ങളിലും അഭിരമിക്കാന്‍ നാം വെമ്പല്‍ കൊള്ളുമ്പോള്‍ കുടുംബബന്ധങ്ങള്‍ വിസ്മൃതിയിലാഴുന്നു. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ കുടുംബയോഗങ്ങള്‍ സഹായകമാണ്. ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗം പത്താം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പ്രസിദ്ധീകൃതമാകുന്ന ഡയറക്ടറി കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബത്തില്‍ നിന്ന് മേല്‍പ്പട്ടശുശ്രൂഷയ്ക്കായി അഭിവന്ദ്യ ജയിംസ് അത്തിക്കളം പിതാവിനെ ദൈവം തിരഞ്ഞെടുത്തതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം. ഇനിയും അനേകം ദൈവവിളികള്‍ ഈ കുടുംബത്തില്‍ നിന്നുണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. സഭയ്ക്കും നാടിനും ഏറെ നന്മകള്‍ ചെയ്യുവാനും ക്രൈസ്തവകൂട്ടായ്മയുടെ മാതൃക ലോകത്തിനു കാട്ടിക്കൊടുക്കുവാനും ഈ കുടുംബത്തിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com